എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം; അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍ക്ക് ഒരു കുടക്കീഴില്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ശാസ്ത്ര ശാഖയാണ് എമര്‍ജന്‍സി മെഡിസിന്‍. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതോടെ ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങള്‍, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ലഭ്യമാകും.

കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മഞ്ചേരി എന്നീ മെഡിക്കല്‍ കോളേജുകളിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കല്‍ കോളജുകളില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍, ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, 2 സീനിയര്‍ റസിഡന്റ് തസ്തികകള്‍ വീതം സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ നേരത്തേതന്നെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ കോളജുകളില്‍ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രധാന മെഡിക്കല്‍ കോളജുകളില്‍ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയര്‍ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന ട്രോമ കെയര്‍ സംവിധാനത്തിന്റെ മാതൃകയിലാണ് ഇവിടേയും നടപ്പാക്കി വരുന്നത്.

More Stories from this section

family-dental
witywide