ദില്ലി കോടതിയിൽ നാടകീയ രംഗങ്ങൾ, പ്രതിഭാഗത്തിന്‍റെ വാദങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് അരവിന്ദ് കെജ്രിവാളിന്‍റെ പഴ്സണൽ സ്റ്റാഫ് അംഗമായ ബിഭവ് കുമാർ, സ്വാതി മലിവാളിൾ എം പിയെ മർദ്ദിച്ചെന്ന കേസ് പരിഗണിക്കവെ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതിഭാഗത്തിന്‍റെ വാദങ്ങൾ കേട്ട് കോടതിമുറിക്കുള്ളിൽ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളിലാണ് നാടകീയ രംഗങ്ങൾ നടന്നത്.

പ്രതിഭാഗം അഭിഭാഷകൻ വാദങ്ങൾ അവതരിച്ചപ്പോഴാണ് സ്വാതി പൊട്ടിക്കരഞ്ഞത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നതടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ടുവച്ചത്. സംഭവം നടന്നെന്ന് സ്വാതി പറയുന്ന സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നു എന്നതടക്കമുള്ള വാദങ്ങളിൽ പ്രതിഭാഗം ഉറച്ചുനിൽക്കവെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്. കേസിൽ അറസ്റ്റിലായ ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ ഉണ്ടായത്.