
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരം, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച്, ഇഡിയുടെ അനാവശ്യ ഇടപെടൽ ഭരണഘടനാ മൂല്യങ്ങളെ ഹനിക്കുമെന്ന് നിരീക്ഷിച്ചു. നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുവരുത്തുകയെന്നാൽ നിയമവിരുദ്ധമായ കാര്യങ്ങൾ എല്ലാവരോടും ഒരുപോലെ ആവർത്തിക്കലല്ല എന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.
ഇ.ഡി ഉദ്യോഗസ്ഥർ പി.എം.എൽ.എ 19 (1) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും മുമ്പ് ആ വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ നിരപരാധിയാക്കുകയോ ചെയ്യുന്ന തെളിവുകൾ പരിഗണിക്കാതിരിക്കുകയോ തള്ളുകയോ ചെയ്യരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
സാധാരണഗതിയിൽ അറസ്റ്റിനുള്ള മാനദണ്ഡങ്ങൾ തന്നെ പി.എം.എൽ.എ 19 (1) വകുപ്പ് പ്രകാരമുള്ള അറസ്റ്റിനും മതിയോ, അതല്ലെങ്കിൽ സാധാരണ മാനദണ്ഡങ്ങൾക്കപ്പുറത്ത് ‘അറസ്റ്റിന്റെ ആവശ്യകത’ എന്നതിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ടോ, എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ഇതേ നിയമത്തിലെ 41ാം വകുപ്പിലെ വാറന്റില്ലാത്ത അറസ്റ്റിനുള്ള വകുപ്പുകൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇഡി ഉദ്യോഗസ്ഥൻ്റെ അഭിപ്രായം നിസ്സംശയമായും സബ്ജക്ടീവ് ആണെന്നും, എന്നാൽ അഭിപ്രായ രൂപീകരണം നിയമത്തിന് അനുസൃതമായിരിക്കണം എന്നും ബെഞ്ച് പറഞ്ഞു.