
ധരംശാല: ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് തകർച്ച. ഇന്ത്യൻ സ്‌പിന്നര്‍മാരായ കുൽദീപും അശ്വിനും മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 218 റൺസിൽ അവസാനിപ്പിച്ചു. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിൻ നാല് വിക്കറ്റും നേടി. മറ്റൊരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി.
കുല്‍ദീപ് യാദവ് 15 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ സാക്ക് ക്രോലിയും ബെന്‍ ഡക്കെറ്റും മികച്ച തുടക്കം നല്‍കിയെങ്കിലും കുൽദീപിന് മുന്നിൽ മുൻനിര തകർന്നു. ഡക്കെറ്റിനെ 58 പന്തില്‍ 27 ഉം, മൂന്നാമന്‍ ഓലീ പോപിനെ 24 പന്തില്‍ 11 ഉം റണ്‍സെടുത്ത് നില്‍ക്കേ കുല്‍ദീപ് യാദവ് പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ടിന് 100 റണ്‍സുണ്ടായിരുന്നു. പിന്നാലെ പോപ്പും പുറത്തായി. ഇതിനിടെ സാക്ക് ക്രോലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും കുൽദീപ് ഇന്ത്യയുടെ രക്ഷക്കെത്തി. 108 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെ 79 റണ്‍സെടുത്ത ക്രോലിയെ കുൽദീപ് മടക്കി. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ര്‍സ്റ്റോയെയും (18 പന്തില്‍ 29), കുല്‍ദീപ് പറഞ്ഞയച്ചപ്പോള്‍ ജോ റൂട്ടിനെ (56 പന്തില്‍ 26) രവീന്ദ്ര ജഡേജ പുറത്താക്കി. വാലറ്റത്തെ അശ്വിനും ചുരുട്ടിക്കെട്ടി.
മറുപടിയായി ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. അതിവേഗം അർധ സെഞ്ച്വറി കണ്ടെത്തിയ യശസ്വി ജയ്സ്‍വാളും (50) ക്യാപ്റ്റൻ രോഹിത് ശർമ (52 നോട്ടൗട്ട്) ഒന്നാം വിക്കറ്റിൽ 100 കടത്തി. തൊട്ടുപിന്നാലെ ഇംഗ്ലീഷ് സ്പിന്നർ സുഹൈബ് ബാഷിറിനെ സിക്സ് പറത്താൻ ക്രീസ് വിട്ടിറങ്ങിയ ജയ്സ്‍വാളിനെ ഫോക്സ് സ്റ്റംപ് ചെയ്തു. 57 റൺസെടുത്ത ജയ്സ്‍വാൾ 58 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസന്ന നിലയിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ 26 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റന് കൂട്ട്.
England all out 218 in first innings against India for 5th Test