ഇ.പി. പറയുന്നത് സത്യമെന്ന് നന്ദകുമാർ; ജാവേദക്കറുമായി രാഷട്രീയം സംസാരിച്ചിട്ടില്ല; ബിജെപി ചർച്ച നടത്തിയത് സുധാകരനുമായി

കൊച്ചി: ഇപി ജയരാജനും പ്രകാശ് ജാവദേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇപി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയം പറഞ്ഞത് പ്രകാശ് ജാവദേക്കറാണെന്നും വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാർ രംഗത്ത്. ഇപി മാധ്യമങ്ങളോട് പറഞ്ഞത് സത്യമാണ്. ശോഭ സുരേന്ദ്രനുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭ സുരേന്ദ്രൻ പറയുന്നത് മുഴുവൻ തട്ടിപ്പും അസംബന്ധവുമാണെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

ജാവദേക്കറുടെ ആവശ്യപ്രകാരം ആക്കുളത്തുള്ള ഇ.പിയുടെ ഫ്ളാറ്റിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ എസ്എൻസി ലാവ്‍ലിൻ ഉപയോഗിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഇ പി ജാവദേക്കറോട് പറഞ്ഞു. ഇതെല്ലാം ആദ്യം ക്രമപ്പെടുത്തൂ എന്ന് ഇപി പറഞ്ഞു. ബിജെപി 90 ശതമാനം ചർച്ചയും നടത്തിയത് സുധാകരനുമായാണ്. കെ സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ തീരുമാനമായി. എന്നാൽ കെപിസിസി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ ചർച്ച മുന്നോട്ട് പോയില്ല.

അതേസമയം, ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശോഭ ശ്രമം നടത്തിയിരുന്നതായി നന്ദകുമാർ ആരോപിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.