വീണ്ടും തിരഞ്ഞെടുപ്പ് ദിനത്തിൽ ബോംബിട്ട് ഇപി; വിശദീകരിക്കാൻ പാടുപെട്ട് സിപിഎം

ഇത്തവണയും ഇ പി ജയരാജൻ പണ്ടോറ പെട്ടി തുറന്നു. കേരളത്തിലെ ഉപ തിരഞ്ഞെടുപ്പ് ദിനം രാവിലെ സഖാവ് ഇപി ജയരാജൻ തുറന്നു വിട്ട വിവാദങ്ങളിൽ പെട്ട് നട്ടം തിരിയികുയാണ് സിപിഎം. ഇത്തവണ പുറത്തുവന്നത് അദ്ദേഹത്തിന്റെ ആത്മകഥാ ശകലങ്ങളാണ്..പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെയും സിപിഎമ്മിനേയും സർക്കാരിനേയും വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ട ‘കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന  ആത്മകഥാ ഭാഗങ്ങളാണ് പാർട്ടിയെ നക്ഷത്രം എണ്ണിക്കുന്നത്. ജഗതിയുടെ സിനിമാ ഡയലോഗിനെ ഓർമിപ്പിക്കും വിധം ‘ എൻ്റെ ആത്മകഥ ഇങ്ങനെയല്ല ഇരിക്കുന്നത്” എന്നാണ് ജയരാജൻ പറയുന്നത്. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് ഡി ജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നല്കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു. ഏറെ സുപ്രധാനദിനമായ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇതു പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കുന്ന ഡിസി ബുക്സ് ജയരാജൻ്റെ ആരോപണം ശരിയെന്നോ തെറ്റെന്നോ പറഞ്ഞിട്ടില്ല.

പോരാത്തതിന് കുറ്റം ചാർത്താൻ പാകത്തിന് ബൂർഷ്വ മാധ്യമങ്ങൾ , മാധ്യമ സിൻഡിക്കേറ്റ്, അമേരിക്കൻ ചാരസംഘടന എന്നിങ്ങനെ ഒരുപാട് ഓപ്ഷനുകൾ അദ്ദേഹത്തിനു മുമ്പിൽ എന്നുമുണ്ട്.

കൊച്ചുകുട്ടിയെ പോലെയാണ് ജയരാജനെന്നും അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ തെറ്റുധരിക്കരുത് എന്നുമാണ് സിപിഎമ്മിൻ്റെ അപേക്ഷ. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ,ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു പദ്ധതിയിട്ടെന്ന ആരോപണം ചർച്ചയായത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നു തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഇപിയും സമ്മതിച്ചു.

ഇടതു മുന്നണി കൺവീനർ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ രാഷ്ട്രീയ സ്ഫോടനമായി മാറിയത്.

സിപിഎമ്മുമായി ഉടക്കി നിന്നിരുന്ന ജയരാജൻ അങ്ങനെയൊരു നീക്കം നടത്തിയോ എന്ന ചിന്ത പാർട്ടിക്കിടയിലും ഉണ്ടായി. പിന്നാലെ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇപി ശരിവച്ചു. അടിക്കടി ഉണ്ടാക്കുന്ന വിവാദങ്ങൾക്കിടെ, പിണറായിയും ഇപിക്ക് എതിരെ തിരിഞ്ഞു. പാപിയുടെ കൂടെ ശിവൻ കൂടിയാൽ, ശിവനും പാപിയായിടും എന്ന് പറഞ്ഞാണ് പിണറായി ഇപിയെ വെട്ടിയത്.

പാപിയായി മാറിയ ഇപിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചു. ഇപിയും വിട്ടില്ല. ആത്മകഥ എഴുതുമെന്നും അതിൽ എല്ലാമുണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചു. അതിനുശേഷം ആത്മകഥാ രചനയുടെ തിരിക്കിലാണ് എന്നു പറഞ്ഞ് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിന്നു. ആത്മകഥ പുറത്തുവരുന്നതോടെ ഇപി സിപിഎം വിടും എന്നുവരെ വ്യാഖ്യാനം ഉണ്ടായി.

പുസ്തകത്തിലേതെന്ന പേരിൽ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. കാരണം സർക്കാർ ദുർബലമാണെന്നും മറ്റും ഇപി അതിൽ പറയുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ദിനം തന്നെ പുസ്തകത്തിലെ ഭാഗങ്ങൾ പുറത്തുവന്നത് മനപൂർവമാണ് എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. ഇപി ഇത് എന്തിനുള്ള പുറപ്പാടിലാണ് എന്ന ചിന്ത പാർട്ടി കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. പാർട്ടിയുമായി ഇഷ്ടക്കേട് തുടരും എന്ന നിലയിലാണ് ഇപിയുടെ പോക്ക്.

ടേം നിബന്ധനയുടെ േപരിൽ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയതോടെയാണ് ഇപി പാർട്ടിയുമായി അകലുന്നത്. ജൂനിയറായ എം.വി.ഗോവിന്ദന്‍ പാർട്ടി സെക്രട്ടറിയായതോടെ അകൽച്ച വർധിച്ചു. അതിനിടെ വൈദേകം ആയുർവേദ റിസോർട്ടിലെ കുടുംബ നിക്ഷേപത്തിന്റെ പേരിലും വിവാദമുണ്ടായി. ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരൻ്റെ ഭാര്യയുടെ പേരിലുള്ള നിരാമയ റിസോർട്ടും വൈദേകവും തമ്മിൽ ഇടപാടുകളുള്ളതായി വാർത്തകൾ പുറത്തു വന്നു. വൈദേകത്തിലെ ഓഹരികൾ ഭാര്യ ഒഴിവാക്കുമെന്ന് പത്രസമ്മേളനത്തിൽ ഇപി അറിയിച്ചു. പാർട്ടി പദവികളിൽ തുടരാനുള്ള പ്രായപരിധി മാനദണ്ഡമായ 75 വയസ്സിലേക്ക് ഇപി അടുക്കുകയാണ്. വിരമിച്ച പാർട്ടി പ്രവർത്തകനായി തുടരുമോ അതോ മറ്റെന്തെങ്കിലും നിലപാടുകളുമായി ഇപി പോകുമോ എന്ന് ഉറ്റു നോക്കുകയാണ് കേരളം.

EP Jayarajan Autobiography Controversy Shakes CPM

More Stories from this section

family-dental
witywide