ജാവദേക്കർ കൂടിക്കാഴ്ച വിവാദം: ശോഭയടക്കമുള്ളവർക്കെതിരെ ഇപി പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തെ തുടർന്ന് പൊലീസിനെ സമീപിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജൻ പരാതി നൽകിയത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍, ടി ജി നന്ദകുമാര്‍, കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ജാവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച വിവാദം ഉയർത്തിയത്. തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനെ കണ്ടുവെന്ന് ടി ജി നന്ദകുമാറും വെളിപ്പെടുത്തി രം​ഗത്തെത്തി. തൃശൂരില്‍ ഇടതുമുന്നണി സഹായിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നും പകരം ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ ഒത്തുതീർക്കാമെന്നും ജാവഡേക്കർ ഓഫർ വെച്ചതായി നന്ദകുമാർ വെളിപ്പെടുത്തി. എന്നാല്‍ ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

EP Jayarajan complaint to police on Javedekar meeting controversy