
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്ക് അതേനാണയത്തില്‍ മറുപടികൊടുത്ത് ഇ.പി ജയരാജന്‍.
സ്വര്‍ണ കരണ്ടിയില്‍ പാലുകുടിച്ച് വളര്‍ന്ന ആളോ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കിയ പാല്‍പ്പൊടി പാല്‍ കുടിച്ച് വളര്‍ന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്നുവന്നതാണ്. രാഹുല്‍ഗാന്ധിയെ പോലെയല്ല പിണറായി വിജയനെന്നുമടക്കം കടുത്ത വിമര്‍ശനമാണ് ഇ.പി ഉന്നയിച്ചത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്നും രാഹുലിന് പക്വത ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കള്‍ ഉപദേശിച്ചുകൊടുക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ എന്താണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തതെന്ന് രാഹുല്‍ സ്വയം ചോദിക്കണമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും എ.സി ബസ്സില്‍ യാത്ര നടത്തിയാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവില്ല. ബിജെപിയെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടില്‍ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.














