
ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ബിജെപി അനുകൂല പ്രസ്താവനക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുകയാണെന്നും ജയരാജൻ വെറും ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ലാവ്‍ലിൻ കേസുകൾ മുഖ്യമന്ത്രിക്ക് ഭയമാണ്. തിരുവനന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തു വരുമെന്നുമാണ് ജയരാജൻ പറഞ്ഞത്. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്തു വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്നും എൽഡിഎഫ് കൺവീനർ തന്നെ പറയുകയാണ്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ജയരാജന്റെ കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടും തമ്മിൽ കരാറുണ്ട്. രണ്ടുപേരും നിഷേധിച്ചിട്ടില്ല. കേസ് കൊടുത്താൽ മുഴുവൻ തെളിവുകളും പുറത്തുവിടും. ജയരാജന്റെ കുടുംബാംഗങ്ങൾ നിരാമയ റിട്രീറ്റ്സിന്റെ അധികാരികളുമായി ഒരുമിച്ചു നിൽക്കുന്ന ചിത്രം ഉൾപ്പെടെ തന്റെ കൈയിലുണ്ടെന്നും സതീശൻ പറഞ്ഞു.
EP jayarajan is the remote of Pinarayi Vijayan, says VD Satheesan









