ഇന്റൽ ഇന്ത്യ മുൻ മേധാവി അവ്താർ സൈനി ​​സൈക്കിളിൽ സഞ്ചരിക്കവെ കാറിടിച്ച് മരിച്ചു

മുംബൈ: അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ ഇടിച്ച് ഇൻ്റൽ ഇന്ത്യയുടെ മുൻ മേധാവിക്ക് ദാരുണാന്ത്യം. കമ്പനിയുടെ മുൻ കൺട്രി ഹെഡ് അവതാർ സൈനിയാണ് സൈക്കിളിൽ സഞ്ചരിക്കവെ കാറിടിച്ച് മരിച്ചത്.

മഹാരാഷ്ട്രയിലെ നവി മുംബൈ ടൗൺഷിപ്പിൽ വെച്ച് സൈക്കിൾ സവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 5.50 ഓടെ സൈനി (68) നെരുൾ ഏരിയയിലെ പാം ബീച്ച് റോഡിൽ സുഹൃത്തുക്കളുടെ മുന്നിൽ വച്ചാണ് അപടകത്തിൽ കൊല്ലപ്പെട്ടത്.

മറ്റുള്ള സുഹൃത്തുക്കളും സൈക്കിളിലായിരുന്നു യാത്ര. ഇതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ കാർ, സൈനിയുടെ സൈക്കിളിൽ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. സൈക്കിളിൻ്റെ ഫ്രെയിം കാബിൻ്റെ മുൻ ചക്രങ്ങൾക്കടിയിൽ ഞെരിഞ്ഞിരുന്നു.

അപകടത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈനിക്കൊപ്പം ഉണ്ടായിരുന്നവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിന്നാലെ ഗുരുതരമായി പരുക്കേറ്റ സൈനിയെ സഹ യാത്രികർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

സൈനിയുടെ മകനും മകളും യുഎസിലാണ്.അടുത്ത മാസം ഇവരെ സന്ദർശിക്കാനിരിക്കുകയായിരുന്നു. മൂന്നുവർഷം മുമ്പ് ഭാര്യ മരിച്ചതിനു ശേഷം ചെമ്പൂരിലെ വീട്ടിൽ ഒറ്റക്കായിരുന്നു സൈനിയുടെ താമസം.