
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകളിലെ ശൈത്യകാല അവധി ജനുവരി 10 വരെ നീട്ടിയതായി അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.
രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള ശൈത്യകാല അവധി ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നാല് ദിവസത്തേക്ക് കൂടി അവധി നീട്ടി.
നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്‌കൂളുകള്‍ക്ക് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 14 വരെ അവധിയായിരിക്കും.
ചൊവ്വാഴ്ച വരെയെങ്കിലും ദേശീയ തലസ്ഥാന മേഖലയിലുടനീളം ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് തുടരും. ഗൗതം ബുദ്ധ നഗര്‍ ജില്ലയെ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുടനീളം ശീത തരംഗത്തിനും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച കൂടിയ താപനില 14.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് സാധാരണയില്‍ നിന്ന് അഞ്ച് ഡിഗ്രി താഴെയാണ്. അതേസമയം, കുറഞ്ഞ താപനില 9.4 ഡിഗ്രി സെല്‍ഷ്യസാണ്, സാധാരണയില്‍ നിന്ന് മൂന്ന് ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.