
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട യുവ നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. വ്യത്യസ്ഥമായ അഭിനയ ശൈലികൊണ്ട് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള താരമാണ് ഫഹദ്. തീയറ്ററുകളിൽ ആവേശത്തിലെ രംഗണ്ണനിലൂടെ ഫഹദ് തീർത്ത തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് തന്റെ രോഗവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ നാല്പത്തിയൊന്നാം വയസ്സിൽ തിരിച്ചറിഞ്ഞ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. തനിക്ക് എ ഡി എച്ച് ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രം എന്ന രോഗമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
കോതമംഗലത്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണയായി കുട്ടികളിലും അപൂർവമായി മുതിർന്നവരിലും കാണപ്പെടുന്ന രോഗം ആണ് ഇതെന്നും ഫഹദ് വിവരിച്ചു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട തകരാറാണ് എ ഡി എച്ച് ഡി എന്നറിയപ്പെടുന്നത്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എ ഡി എച്ച് ഡി രോഗവസ്ഥ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും ഫഹദ് വിവരിച്ചു. എന്നാല്‍ 41 -ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ തനിക്ക് ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും പ്രിയ താരം കൂട്ടിച്ചേർത്തു.
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി).