
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പറന്നുയരാന്‍ നിശ്ചയിച്ചിരുന്ന വിമാനത്തിന് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ, രാവിലെ 9.35നാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അവര്‍ അറിയിച്ചു. ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ നിരവധി മ്യൂസിയങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു പിന്നീട് ഇത് വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ റെയില്‍വേ മ്യൂസിയം ഉള്‍പ്പെടെ 15 മ്യൂസിയങ്ങളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ വഴി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി സ്ഥാപനങ്ങള്‍ക്കും ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അടുത്തിടെ വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു. നേരത്തെ, ഏപ്രിലില്‍, സ്വകാര്യ സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ച സംഭവങ്ങളെക്കുറിച്ച് ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി വിശദമായ സ്ഥിതിവിവര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.