
രാഹുല്‍ ഗാന്ധിക്ക് വിദേശിയായ ഭാര്യയുണ്ടെന്നും ഇരുവര്‍ക്കും രണ്ടു മക്കളുണ്ടെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മുമ്പ് പലപ്പോഴും രാഹുലിനെ ‘വിവാഹം കഴിപ്പിച്ച’ അതേ പ്രചരണങ്ങള്‍ തന്നെയാണ് ഇക്കുറി പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെയാണ് വ്യാപകമായി ചിത്രങ്ങളടക്കം പ്രചരിക്കുന്നത്.
ഓഗസ്റ്റ് 20ന്, ഒരു ഫേസ്ബുക്ക് ഉപയോക്താവാണ് രാഹുലിന്റെയും വിദേശവനിതയുടേയും ഒരു ചിത്രം പങ്കിട്ടത്. സത്യം വെളിപ്പെടാന്‍ പോകുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചത്. രാഹുലിനൊപ്പമുള്ളത് അദ്ദേഹത്തിന്റെ ഭാര്യ ജോണിറ്റ വിഞ്ചിയാണെന്നും 19 വയസ്സുള്ള മകന്‍ നേഹക് വിഞ്ചി, 15 വയസ്സുള്ള മകള്‍ മിനിക്ക് വിഞ്ചി എന്നിവരാണ് ദമ്പതികളുടെ മക്കളെന്നും പിന്നീട് പ്രചരിച്ചു. വൈറല്‍ പോസ്റ്റിനൊപ്പമുള്ള ഉള്ളടക്കം ശരിയാണെന്ന് കരുതി പലരും ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
Last night with the eloquent and insightful Rahul Gandhi….. pic.twitter.com/3w27FBb0Pa
— Nathalia Ramos (@nathalia73) September 14, 2017
സത്യമെന്താണ്?
വൈറല്‍ പോസ്റ്റിലെ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നും സ്പാനിഷ് നടി നതാലിയ റാമോസിന്റെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിതെന്ന് കണ്ടെത്താനായി. 2017ല്‍ എടുത്ത ചിത്രമാണിത്.
രാഹുല്‍ ഗാന്ധിയെയും ബെര്‍ഗ്രൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ടാഗ് ചെയ്ത ചിത്രം 2017 സെപ്റ്റംബര്‍ 14-നാണ് എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. Last night with the eloquent and insightful Rahul Gandhi എന്ന കുറിപ്പിനൊപ്പമാണ് ചിത്രമടങ്ങിയ പോസ്റ്റ് നടി പങ്കുവെച്ചിരിക്കുന്നത്. വിദേശ സന്ദര്‍ശന വേളയില്‍ യുസി ബെര്‍ക്ക്ലി, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി, ടൈംസ് സ്‌ക്വയര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ @ 70 പ്രോഗ്രാമില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിക്കൊപ്പം പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.