
മുംബൈ: പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. യോദ്ധയടക്കമുള്ള മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് വിടപറഞ്ഞത്. യോദ്ധക്ക് പുറമെ നിർണയം, ഗാന്ധർവ്വം, വ്യൂഹം തുടങ്ങിയയാണ് സംഗീത് ശിവന്‍റെ പ്രശസ്ത ചിത്രങ്ങൾ. മലയാളത്തിൽ വലിയ ഹിറ്റായി മാറിയ രോമാഞ്ചം സംഗീത് ശിവൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. രോമാഞ്ചം ഹിന്ദി റീമേക്ക് തീയറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സംഗീത് ശിവൻ അന്തരിച്ചത്.
യോദ്ധക്ക് രണ്ടാം ഭാഗം ഒരുക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സംഗീത് ശിവൻ വിടപറഞ്ഞകന്നത്. പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. അച്ഛൻ ശിവന്‍റെ സഹായിയായിട്ടാണ് സംഗീത് ശിവൻ മേഖലയിലേക്ക് ചുവടുവച്ചത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്.
Famous director Sangeet Sivan passed away















