ഹൈദരാബാദ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ തെലങ്കാനയിലെ പോലീസ് ഡയറക്ടർ ജനറലിൻ്റെ (ഡിജിപി) മേൽനോട്ടത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ആയി നിയമിച്ചു. ഡിജിപി ഓഫീസിൽ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തെലങ്കാന പോലീസ് ഡയറക്ടർ ജനറൽ ജിതേന്ദറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ത്യ-ന്യൂസിലാൻഡ് പരമ്പര തുടങ്ങാനിരിക്കെയാണ് സിറാജ് ചുമതലയേറ്റത്.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത സിറാജിനില്ല. താരം പ്ലസ് ടു വരെയാണ് പഠിച്ചത്. ഗ്രൂപ്പ് 1 ജോലിയ്ക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാർ ഇളവു നൽകുകയായിരുന്നു.
മൂന്ന് ഫോർമാറ്റുകളിലും ഇലവനിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള സിറാജ്, നിലവിൽ ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനം കളിച്ചത്. സിറാജ് 29 ടെസ്റ്റുകളിലും 44 ഏകദിനങ്ങളിലും 16 ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച് യഥാക്രമം 78, 71, 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2017ൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യയ്ക്കായി താരം അരങ്ങേറിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ താരമാണ്.













