
യൂട്ടായിലെ കാന്യോൺലാൻഡ്‌സ് നാഷണൽ പാർക്കിൽ ഹൈക്കിങ്ങിനിടെ വഴിതെറ്റി അലഞ്ഞ അച്ഛനും മകളും, കടുത്ത ചൂടിൽ വെള്ളം കിട്ടാതെ മരിച്ചു. വിസ്‌കോൺസിനിൽ നിന്നുള്ള 52 കാരനായ പിതാവും 23 വയസ്സുള്ള മകളുമാണ് മരിച്ചത്. ഇരുവരും 100-ഡിഗ്രി ഫാരൻഹീറ്റിൽ (37.7 ഡിഗ്രി സെൽഷ്യസ്) ഹൈക്കിങ് നടത്തുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്, കാന്യൻലാൻഡ്‌സിലെ ഐലൻഡ് ഓഫ് ദി സ്കൈ അയൽപക്കത്തുള്ള ഒരാൾ സാൻ ജുവാൻ കൗണ്ടി ഡിസ്‌പാച്ചർമാർക്ക് 911 എന്ന സന്ദേശം അയയ്ക്കുകയായിരുന്നു എന്ന് നാഷണൽ പാർക്ക് സർവീസ് രേഞ്ചർമാർ പറഞ്ഞു. അടിയന്തര കോൾ ലഭിച്ചതിനെത്തുടർന്ന്, ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെൻ്റിൻ്റെ മൊവാബ് ഡിസ്ട്രിക്റ്റ് ഹെലിറ്റാക്കിലെ ഉദ്യോഗസ്ഥർ അച്ഛനും മകൾക്കും വേണ്ടി തിരച്ചിൽ ആരംഭിച്ചു. എന്നാൽ മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്താനായത്.
ഈ വേനൽക്കാലത്ത് ദേശീയ പാർക്കുകളിൽ നടന്ന ഏറ്റവും ഒടുവിലത്തെ മരണങ്ങളാണ് ഇരുവരുടേതും. അരിസോണയിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിൽ, ഹൈക്കിങ്ങഇനിടെ കൊടും ചൂടിൽ നിരവധി മരിച്ചിരുന്നു. കാലിഫോർണിയയിലെ ഒരു മോട്ടോർ സൈക്കിൾ യാത്രികന് ഡെത്ത് വാലിയിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഹൈക്കിങ്ങിന് ഇറങ്ങുന്നവർ ധാരാളം വെള്ളം കൈവശം കരുതണമെന്ന് നാഷണൽ പാർക്ക് സർവീസിലെ റേഞ്ചർമാർ ആവശ്യപ്പെട്ടു. താപനില ഏറ്റവും കൂടിയ സമയത്ത് യാത്ര ഒഴിവാക്കണമെന്നും ഇവർ പറഞ്ഞു.















