
ന്യൂഡല്‍ഹി: ഭാര്യയെയും ആറുമാസംപ്രായമുള്ള കുഞ്ഞിനെയും ബന്ദികളാക്കുകയും കുഞ്ഞിനെ ഒന്നിലേറെ തവണ വെടിവെക്കുകയും ചെയ്ത് പിതാവിന്റെ ക്രൂരത. വെള്ളിയാഴ്ച ഫീനിക്സിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. കുഞ്ഞിനെയും അമ്മയെയും ബന്ദികളാക്കുകയായിരുന്നു ഭര്‍ത്താവ്. നിസാര പരിക്കുകളോടെ അമ്മ രക്ഷപ്പെട്ടെങ്കിലും ഒന്നിലേറെ പ്രാവശ്യം വെടിയേറ്റതിനാല്‍ കുഞ്ഞ് അപകടനിലയിലാണ്. എങ്കിലും രക്ഷപ്പെട്ടേക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
സര്‍പ്രൈസ് നഗരത്തിലെ ഒരു സ്ത്രീയില്‍ നിന്ന് രാവിലെ 11:30 ഓടെ (പ്രാദേശിക സമയം) പൊലീസിന് ഒരു അടിയന്തര കോള്‍ എത്തി. തന്നെയും കുഞ്ഞിനെയും പുലര്‍ച്ചെ 3 മുതല്‍ കുട്ടിയുടെ പിതാവ് ബന്ദികളാക്കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. യുവതി രക്ഷപ്പെടുകയും സമീപത്തുള്ള കണ്‍സ്ട്രക്ഷന്‍ ജീവനക്കാരില്‍ നിന്ന് സെല്‍ഫോണ്‍ വാങ്ങി പൊലീസിനെ വിളിക്കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോഴും വീടിനുള്ളില്‍ തന്നെയാണെന്നും അപകടത്തില്‍പ്പെട്ടേക്കാമെന്നും അവര്‍ പൊലീസിന് അറിയിച്ചു.
ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍, വീടിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടിരുന്നു. അകത്തു കടന്നപ്പോള്‍ ഒന്നിലധികം വെടിയേറ്റ മുറിവുകളുള്ള കുഞ്ഞിനെ കണ്ടെങ്കിലും പിതാവിനെ കണ്ടില്ല. അവര്‍ വേഗം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി അകത്തുണ്ടെന്ന് കരുതി ഉദ്യോഗസ്ഥര്‍ ഉച്ചകഴിഞ്ഞ് വീട് വളഞ്ഞു. സംഘര്‍ഷത്തിനിടെ വീടിന് തീപിടിത്തമുണ്ടായതായി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പോലീസ് പ്രസ്താവനയില്‍ പറയുന്നു. പ്രതി വീട്ടില്‍ ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇയാളുടെ നില അറിവായിട്ടില്ല.














