
മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തെളിവുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം ആഭ്യന്തര തീവ്രവാദമായി അന്വേഷിക്കുമെന്ന് ഏജൻസി അറിയിച്ചു.
പെൻസിൽവാനിയയിൽ ശനിയാഴ്ച പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് ട്രംപിനെതിരെ ആക്രമണമുണ്ടായത്. വേദിക്ക് പുറത്ത് മേൽക്കൂരയിൽ ഒളിച്ചിരുന്ന അക്രമി വെടിയുതിർക്കുകയും ഇത് ഉന്നം തെറ്റി ട്രംപിന്റെ വലതു ചെവിക്ക് മാത്രം പരുക്കേൽക്കുകയുമായിരുന്നു.
തോമസ് മാത്യൂ ക്രൂക്ക്സ് എന്ന 20കാരനാണ് അക്രമി. ഇയാളെ സംഭവസ്ഥലത്തു വച്ചു തന്നെ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തി. 20കാരനായ അക്രമി ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഇയാൾക്കുപിന്നിൽ മറ്റാരുമില്ലെന്നും എഫ്ബിഐ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് എഫ്ബിഐക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നഴ്‌സിങ് ഹോമിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ആക്രമണം നടത്തിയ ക്രൂക്ക്സ് എന്നാണ് വിവരം. ഇയാൾ എട്ട് തവണ വെടിയുതിർത്തു. അടുത്ത നിമിഷം തന്നെ ഇയാളെ സീക്രട്ട് സർവീസിന്‍റെ സ്നൈപർമാർ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു മണിക്കൂർ ദൂരം മാത്രമാണ് ക്രൂക്ക്സിന്റെ വീട്ടിലേക്കുള്ള ദൂരം.
പെൻസൽവേനിയയിലെ ബട്ലറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു സംഭവം. 150 മീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽനിന്നാണ് അക്രമി ട്രംപിനുനേരെ വെടിയുതിർത്തത്. വലതുചെവിയുടെ മുകൾഭാഗം മുറിച്ച് വെടിയുണ്ട കടന്നുപോയി. ട്രംപിന്റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും വെടിവെപ്പിൽ കൊല്ലപ്പെട്ടു. മറ്റ് രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.