സിനിമാ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് മൂന്നു ദിവസം പഴക്കം

തിരുവനന്തപുരം: സിനിമാ,സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

നാല് ദിവസം മുമ്പ് സീരിയല്‍ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറിയില്‍ നിന്ന് പുറത്തേക്ക് പോയിരുന്നില്ലെന്നും സീരിയല്‍ സെറ്റില്‍ നിന്നുമുള്ളവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും വിവരമുണ്ട്. ഇതോടെ സഹ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തും.

നിരവധി സിനിമകളിലൂടെയും സീരയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദിലീപ് ശങ്കര്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് അമ്മയറിയാതെ പരമ്പരയില്‍ ശക്തമായ വേഷം ചെയ്തു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരിയിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മാവന്‍ ആയിരുന്നു ദിലീപ് ശങ്കര്‍. അടുത്തിടെയാണ് അദ്ദേഹത്തിന് സത്യജിത് റേ പുരസ്‌കാരം ലഭിച്ചത്.