മലയാള സിനിമ നിർമാതാവ് ജോണി സാഗരിക അറസ്റ്റില്‍; സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് പരാതി

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.

കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ് കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഉദയ് കുമാറില്‍ നിന്നും സിനിമാ നിര്‍മ്മാണത്തിനായി 2,72,00,000 ജോണി സാഗരിക കൈപ്പറ്റിയിരുന്നു. എന്നാൽ സിനിമ നടന്നില്ലെന്ന് മാത്രമല്ല, വാങ്ങിച്ച പണം ഉദയ് കുമാറിന് ജോണി സാഗരിക തിരികെ നല്‍കിയുമില്ല. ഇതിനെ തുടര്‍ന്നാണ് ഉദയ് കുമാര്‍ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.