
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഇന്ന് ലോക്സഭയിൽ സാമ്പത്തിക സർവേ അവതരിപ്പിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി, ഈ സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 6.5 മുതൽ 7 ശതമാനം വരെ വളരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം സാമ്പത്തിക കാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് രാജ്യത്തെ സാമ്പത്തിക സർവേ തയ്യാറാക്കിയത്. സർക്കാരിൻ്റെ സാമ്പത്തിക പ്രകടനം, രാജ്യത്തെ സാമ്പത്തിക അവസ്ഥ, വളർച്ച, പ്രധാന വികസന പരിപാടികൾ, നയ സംരംഭങ്ങൾ എന്നിവയുടെ സമഗ്രമായ വിവരങ്ങൾ ആണ് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നത്.