
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മസാച്യുസെറ്റ്‌സില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതികളുടെയും മകളുടേയും മരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രാകേഷ് കമല്‍ (57), ഭാര്യ ടീന കമല്‍ (54), കോളേജില്‍ പഠിക്കുന്ന മകള്‍ അരിയാന കമല്‍ (18) എന്നിവരെയാണ് കഴിഞ്ഞ ഡിസംബര്‍ 28-ന് മസാച്യുസെറ്റ്‌സിലെ ഡോവറിലുള്ള ആഡംബര വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിനടുത്തുനിന്ന് തോക്കും അന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ സംഭവത്തില്‍ വലിയ രീതിയിലുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നു.
ദമ്പതികളുടെയും അവരുടെ മകളുടെയും മരണം സംബന്ധിച്ച നിര്‍ണ്ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാകേഷ് കമല്‍ ഭാര്യയേയും മകളെയും കൊലപ്പെടുത്തി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
ടീനയും മകള്‍ അരിയാനയും വെടിയേറ്റാണ് കൊലപാതകത്തിന് ഇരയായതെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം ഫലങ്ങള്‍ പറയുന്നു. രാകേഷ് മരിച്ചത് സ്വയം വെടിവെച്ചാണെന്നും അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരും ആഴ്ചകളില്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു.
തോക്കിന്റെ പൂര്‍ണ്ണ ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും രാകേഷിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയ തോക്ക് .40 കാലിബര്‍ ഗ്ലോക്ക് 22 മായി സാമ്യമുള്ളതാണെന്നും തോക്ക് രാകേഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് കൈവശം വയ്ക്കാന്‍ രാകേഷിന് ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ നിന്നുതന്നെ സൂചന ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
5.45 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കുടുംബത്തിന്റെ വിശാലമായ വസതി ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും 3 മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.