
കേരളത്തിന്റെ ഏഴിലൊന്ന് വലുപ്പം മാത്രമുള്ള ഫിന്‍ലന്‍ഡ് എന്ന രാജ്യം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഫിന്‍ലന്‍ഡ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും അതേ സന്തോഷത്തോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍, അക്രമം മുതലായവയുടെ നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. അതുകൊണ്ടുതന്നെ സുരക്ഷിത രാജ്യമെന്ന നിലയിലും ഫിന്‍ലന്‍ഡ് മുന്നില്‍ത്തന്നെയാണ്.
ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡിന്റെ പിന്നിലായി ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം… തുടങ്ങിയവയുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചികയില്‍ സ്ഥാനം നിശ്ചയിക്കുന്നത്.
എന്നാല്‍ ഈ സന്തോഷ സൂചിക ഇന്ത്യക്ക് അത്ര സന്തോഷം തരുന്നില്ല. കാരണം ആദ്യ നൂറില്‍പ്പോലും ഇടം പിടിക്കാതെ, കഴിഞ്ഞ വര്‍ഷത്തെപ്പോലെ 126-ാം സ്ഥാനത്തു തന്നെയാണ് ഇന്ത്യ ഇപ്പോഴും..
സന്തോഷ സൂചികയുടെ സര്‍വ്വേയില്‍ ഉള്‍പ്പെട്ട 143 രാജ്യങ്ങളില്‍ ഏറ്റവും പിന്നിലെത്തിയ രാജ്യം അഫ്ഗാനിസ്ഥാനാണ്. 2020-ല്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ മാനുഷിക ദുരന്തത്താല്‍ വലയുന്ന അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ പിന്നോട്ട് പോകുമ്പോള്‍ അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളാണ് ഒപ്പമെത്തുന്നത്.
യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു ദശാബ്ദത്തിലേറെയായിട്ടുണ്ട്. ഇതിനിടയില്‍ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും പട്ടികയില്‍ ആദ്യ 20 ല്‍ ഇടംപിടിക്കാതെ പോയിരിക്കുന്നു. പകരം, അമേരിക്ക 23 ലും ജര്‍മ്മനി 24ാം സ്ഥാനത്തുമാണുള്ളത്. അതേസമയം, കോസ്റ്ററിക്കയും കുവൈറ്റും 12, 13 സ്ഥാനങ്ങളിലുണ്ട്.
ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നുംതന്നെ ഇടംപിടിച്ചിട്ടില്ല. ആദ്യ 10 ല്‍ ഇടംപിടിച്ച രാജ്യങ്ങളില്‍ നെതര്‍ലന്‍ഡ്സിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. പട്ടികയില്‍ ഇടംപിടിച്ച ആദ്യ 20 രാജ്യങ്ങളില്‍ കാനഡയിലും യുകെയിലും മാത്രമേ 30 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ.
Finland is the happiest country in the world for the seventh time













