
ന്യൂഡൽഹി: നോർത്ത് ബ്ലോക്കിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ (എംഎച്ച്എ) ഓഫീസിൻ്റെ രണ്ടാം നിലയിൽ ചൊവ്വാഴ്ച തീപിടിത്തമുണ്ടായതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി 9.35ഓടെ തീ അണച്ചതായും മുതിർന്ന ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) പറയുന്നതനുസരിച്ച്, എംഎച്ച്എ ഓഫീസിലെ ഐസി ഡിവിഷനിലെ രണ്ടാം നിലയിൽ തീപിടിത്തം സംബന്ധിച്ച് രാവിലെ 9.30ഓടെ ഫോൺ കോൾ ലഭിച്ചു. 9.35 ഓടെ തീ നിയന്ത്രണവിധേയമാക്കി.
എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കമ്പ്യൂട്ടറുകളും ചില രേഖകളും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആളപായമില്ല. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.
തീപിടിത്തം ഉണ്ടാകുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും എന്നാൽ തീപിടിത്തം നടക്കുന്ന സമയത്ത് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.












