
മൗറീഷ്യസ്: കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ മൊറീഷ്യസില്‍ ഹിന്ദു ഉത്സവത്തോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങിനിടെ തീപിടുത്തം. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ആറ് തീര്‍ത്ഥാടകര്‍ വെന്തുമരിച്ചു. മാര്‍ച്ച് എട്ടിന് നടക്കുന്ന ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളില്‍ പവിത്രമായി കരുതുന്ന ഗ്രാന്‍ഡ് ബാസിന്‍ തടാകത്തിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.
ഉത്സവത്തിനോടുനബന്ധിച്ചുള്ള ഒരു ചടങ്ങില്‍ ഹൈന്ദവ ദൈവങ്ങളുടെ പ്രതിമകള്‍ പ്രദര്‍ശിപ്പിച്ച മരവും മുളയും കൊണ്ട് തീര്‍ത്ത വണ്ടി വൈദ്യുതക്കമ്പികളില്‍ തട്ടിയതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.