കോട്ടയം മെഡിക്കൽകോളജിന് സമീപം ഷോപ്പിങ് കോംപ്ലക്സിൽ തീപിടിത്തം; മൂന്ന് കടകൾ കത്തി നശിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. മെഡിക്കൽ കോളേജിന് എതിർവശത്തുള്ള യുണൈറ്റഡ് ബിൽഡേഴ്‌സിന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9 .30ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടയാണിത്. രണ്ട് മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനക്ക് കടയുടെ ഉള്ളിലേക്ക് കടക്കാനായത്. പതിനഞ്ചിലധികം കടകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്.

അടുത്തുള്ള ഹോട്ടൽ ജീവനക്കാരനാണ് കടക്ക് ഉള്ളിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും, ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

അഗ്നിശമനസേന എത്തുന്നതിനു മുൻപ് തന്നെ ഹോട്ടൽ ജീവനക്കാർ കടയിലേക്ക് വെള്ളമടിച്ച് തീ അണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു. തീ അണച്ച് അകത്ത് കയറിയാൽ മാത്രമേ അടുത്തുള്ള കടകളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ. അടുത്തുള്ള കടകൾ പെട്ടന്ന് തീ പടരുന്ന സാധനങ്ങൾ വിൽക്കുന്ന കടകളാണ്. അടുത്തുള്ള എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read

More Stories from this section

family-dental
witywide