ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. സംഭവത്തിൽ നിരവധി പേരെ രക്ഷിച്ചു. തീയണയ്ക്കാൻ അഗ്നി രക്ഷാ ശമന സേന രംഗത്തിറങ്ങി. ആശുപത്രിയിലെ മട്ടുപ്പാവിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ വലിയ തോതിൽ പുകയുമുയർന്നു.
12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടും. ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങൾ മരിച്ച അപകടത്തിന്റെ പിന്നാലെയാണ് യുപിയിലും അപകടം. കിഴക്കൻ ഡൽഹിയിൽ വിവേക് നഗറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ആശുപത്രിയ്ക്ക് നൽകിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.വെറും അഞ്ച് ബെഡുകൾക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കൾ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്ദാര സുരേന്ദ്ര ചൗധരി പറഞ്ഞു.
Fire catches in UP hospital, rescued 12 patients