
കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ നടന്ന വന്‍സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയും പടക്കനിര്‍മാണശാലയിലെ ജീവനക്കാരനുമായ വിഷ്ണുവാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാലു പേരുടെ നില ഗുരുതരമാണ്
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ചില വീടുകളുടെ മേല്‍ക്കൂര തകര്‍ന്നതായും വിവരമുണ്ട്. 300 മീറ്റര്‍ ദൂരത്തേക്ക് അവശിഷ്ടം ചിതറിവീണിട്ടുണ്ട്.രണ്ടു കിലോമീറ്റർ ദൂരത്തേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് സമീപവാസികളുടെ മൊഴി.
കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.