
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരച്ചില്‍ വ്യാപകമാക്കി സൈന്യം.
അക്രമികള്‍ സൈനിക വാഹനത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ ആര്‍മി എക്സില്‍ നല്‍കിയ ട്വീറ്റ് പ്രകാരം, പൂഞ്ചിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള ഒരു കാട്ടില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനിരയായ വാഹനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഖലയിലെ ഭീകരരുടെ കടന്നുകയറ്റം പരാജയപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ പ്ലാന്‍ രൂപപ്പെടുത്തുന്നതിന് വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ യോഗത്തിന് ശേഷമാണ് സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ച് നാല് സൈനികരെ കൊലപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് സൈനിക വാഹനത്തിന് നേരെയുള്ള ഈ ആക്രമണം.
ഡിസംബര്‍ 21 ന്, പൂഞ്ച് ജില്ലയിലെ ധത്യാര്‍ മോര്‍ഹിന് സമീപമുള്ള ഒരു വളവില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആയുധധാരികളായ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തി, നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡിസംബറിലെ പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തിരുന്നു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകള്‍ ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ഭീകരര്‍ ആക്രമണ സ്ഥലത്ത് നിന്ന് പുറത്തുവിട്ടിരുന്നു.









