ഇനി ആകാശനടത്തം; ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിന് ഇന്നു തുടക്കം; നാലംഗ സംഘത്തിൽ മലയാളത്തിന്റെ മരുമകളും

ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്തുന്ന ആദ്യ ബഹിരാകാശ നടത്ത (സ്പേസ് വോക്)ത്തിന് ഇന്ന് തുടക്കം. പൊളാരിസ് ഡോൺ എന്ന പേരിലുള്ള 5 ദിന ദൗത്യത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

ദൗത്യ സംഘത്തിൽ സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നയും ഉണ്ടായിരിക്കും. ദൗത്യത്തിനായി അന്നയുൾപ്പെടെ നാല് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നു രാവിലെ കുതിച്ചുയരും.

സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറായ അന്ന മേനോൻ, മുൻ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെക്സസിലെ ഹൂസ്റ്റൻ സ്വദേശിയാണ് അന്ന. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഡോ. അനിൽ മേനോൻ. സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്ലൈറ്റ് സർജൻ അനിലായിരുന്നു. യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ.

രണ്ടാം തവണ ബഹിരാകാശ യാത്ര നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, അന്ന മേനോൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് സംഘാംഗങ്ങൾ.

നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ദൗത്യസംഘത്തിന്റെ പേടകം സഞ്ചരിക്കും. ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാവും ഇവർ ബഹിരാകാശത്തു നടക്കുന്നത്.

More Stories from this section

family-dental
witywide