
തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ ഒമ്പതോടെ ആദ്യ ഫലസൂചനകൾ വരുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടെണ്ണലിന്റെ ഒരുക്കം പൂർണമായെന്നും തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്.
നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും.ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തി. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയില്‍ പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്‍റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാൻ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാൻ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
First result indicaction came out around 9am, says chief election commission of kerala













