
മുംബൈ: ഐ പി എൽ പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിന് ആദ്യജയം. 29 റൺസിന് ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ തോൽപിച്ചച്. മുംബൈയുടെ 234 റൺസ് പിന്തുടർന്ന ഡൽഹിക്ക് 205 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈയ്ക്ക് മോഹിച്ച തുടക്കം നൽകി രോഹിത് ശർമ്മയും ഇഷാൻ കിഷനുമാണ് ആദ്യമേ കളി ട്രാക്കിലാക്കിയത്.
രോഹിത് 27 പന്തിൽ 49 ഉം ഇഷാൻ 23 പന്തിൽ 42 ഉം നേടിയതോടെ റൺസ് ഒഴുകിയെത്തി. എന്നാൽ സീസണിലാദ്യമായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് അക്കൗണ്ട് തുറക്കാനായില്ല. തിലക് വർമ്മ ആറിൽ വീണെങ്കിലും ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ 39 റൺസുമായി നടുനിവർത്തി. ടിം ഡേവിഡിന്റെയും റൊമാരിയോ ഷെപ്പേർഡിന്‍റെ വെടിക്കെട്ട് കൂടിയായതോടെ ഡൽഹിയുടെ പിടിവിട്ടു. ഡേവിഡ് 21 പന്തിൽ 45 ഉം ഷെപ്പേർഡ് 10 പന്തിൽ 39 ഉം നേടി പുറത്താകാതെ നിന്നു. നോർജെയുടെ അവസാന ഓവറിൽ 32 റൺസാണ് ഷെപ്പേർഡ് അടിച്ചെടുത്തത്.
മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ പത്തിൽ മടങ്ങിയെങ്കിലും പൃഥ്വി ഷോയും അഭിഷേക് പോറലും ട്രിസ്റ്റൻ സ്റ്റബ്സും പൊരുതി. 66 റൺസെടുത്ത പൃഥ്വിയെയും 41 റൺസെടുത്ത പോറലിനെയും വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഡൽഹിക്ക് ബ്രേക്കിട്ടത്. സ്റ്റബ്സ് 71 റൺസുമായി പൊരുതിയെങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല. ജയ് റിച്ചാർഡ്സിനെ രോഹിത് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ആദ്യ ജയവും സ്വന്തമായി.
First win for Mumbai Indians in the new IPL season













