
പാരീസ്: പാരീസിലെ ഈഫല്‍ ടവറിന് സമീപം ഫ്രഞ്ച് പതാകയില്‍ പൊതിഞ്ഞ അഞ്ച് ശവപ്പെട്ടികള്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ഇവരി ഒരാള്‍ ബള്‍ഗേറിയക്കാരനും മറ്റൊരു ഉക്രേനിയക്കാരനും മൂന്നാമത്തെ ജര്‍മ്മനിക്കാരനുമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈഫല്‍ ടവറിന് സമീപത്തായുള്ള പാരീസിലെ ക്വായ് ബ്രാന്‍ലിയില്‍ ശനിയാഴ്ച രാവിലെയാണ് പിടിയിലായവര്‍ ശവപ്പെട്ടികള്‍ ഉപേക്ഷിച്ചത്. പെട്ടികളില്‍ ജിപ്സം അടങ്ങിയിരുന്നതായി വെളിപ്പെടുത്തലുണ്ട്.
ശവപ്പെട്ടികള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ടുപേര്‍ ശവപ്പെട്ടികള്‍ ഇവിടെ എത്തിക്കാന്‍ തനിക്ക് 40 യൂറോ നല്‍കിയതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിദേശ ശക്തിയുടെ ഇടപെടലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.













