കേരളത്തിന് മറുപടിയുണ്ടോയെന്ന് ധനമന്ത്രിയുടെ ചോദ്യം, ‘യുപിഎ നൽകിയതിനെക്കാൾ 224 ശതമാനം അധികം പണം മോദി സർക്കാർ നൽകിയില്ലേ?’

ദില്ലി: കേരളത്തിന് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന ആരോപണങ്ങൾക്ക് പാർലമെന്‍റിൽ കണക്കുനിരത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ മറുപടി. കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളത്തിന്റെ സമരം ദില്ലിയിൽ നടക്കുമ്പോഴാണ് നികുതി വിഹിതകണക്കുമായി നിർമ്മല രംഗത്തെത്തിയത്. യു പി എ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്നാണ് മന്ത്രി രാജ്യസഭയിൽ പറഞ്ഞത്. കണക്കുകൾ നിരത്തി കേരളത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി ഈ പണം കിട്ടിയോ ഇല്ലയോ എന്ന് കേരള സര്‍ക്കാർ പൊതുസമൂഹത്തോടെ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

യു പി എ സർക്കാരിന്‍റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നല്കിയെന്നാണ് ധനമന്ത്രി വിവരിച്ചത്. യു പി എയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് കിട്ടിയത് 46,303 കോടിയാണെന്ന് അവർ വിവരിച്ചു. മോദി സർക്കാരിന്‍റെ 2014 – 2023 കാലത്ത് 1,50,140 കോടി വിഹിതം നല്കിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനസഹായത്തിന്‍റെ കാര്യത്തിൽ യു പി എ കാലത്ത് 25,629 കോടിയാണ് കേരളത്തിന് കിട്ടിയത്. എന്നാൽ എൻ ഡി എ കാലത്ത് ഇത് 1,43,117 കോടി ലഭിച്ചില്ലെയെന്നും ധനമന്ത്രി ചോദിച്ചു. കേരളത്തിനുള്ള കേന്ദ്ര ധനസഹായത്തിന്‍റെ കാര്യത്തിൽ അഞ്ചര ഇരട്ടി കൂടിയെന്നും ധനമന്ത്രി ചൂണ്ടികാട്ടി. കൊവിഡിനു ശേഷം മുലധന ചെലവിന് കേരളത്തിന് 2224 കോടി നല്കി. ഇതിനു പുറമെ 18, 087 കോടി അധിക വായ്പയായി നല്കിയെന്നും ധനമന്ത്രി വിവരിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ധവളപത്രം ഇറക്കുന്നതിനിടയിലാണ് കേരളത്തിനടക്കം നൽകിയ കേന്ദ്ര സഹായത്തെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചത്. യു പി എ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ പാരമ്പര്യമായി സ്വീകരിച്ചുവെന്നും, എന്നാൽ 10 വർഷത്തിനുള്ളിൽ അത് നിഷ്ക്രിയമാക്കിയെന്നും യു പി എയുടെ 10 വർഷത്തെയും മോദിയുടെ കീഴിലുള്ള പത്ത് വർഷത്തെയും താരതമ്യം ചെയ്‌ത ധവളപത്രത്തിൽ കേന്ദ്ര ധനമന്ത്രി വിവരിച്ചു. യുപിഎ സർക്കാരിന്റെ ഭരണകാലത്തെ “നഷ്‌ടപ്പെട്ട ദശകം” എന്ന് വിശേഷിപ്പിച്ച കേന്ദ്രം, സാമ്പത്തിക കെടുകാര്യസ്ഥതയുടെയും പൊതു ധനകാര്യങ്ങൾ ദീർഘദൃഷ്‌ടി ഇല്ലാതെ കൈകാര്യം ചെയ്‌തതിന്റെയും പേരിൽ യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്‌തു.

More Stories from this section

family-dental
witywide