ഫൊക്കാന പുതിയ ഭരണ സമിതി ചുമതലയേറ്റു, ഒരുമയോടെ മുന്നേറാൻ ആഹ്വാനം ചെയ്ത് പുതിയ പ്രസിഡൻ്റ്, അവാർഡുകൾ സമ്മാനിച്ചു, കണവെൻഷൻ സമാപിച്ചു

ഫൊക്കാനയുടെ പുതിയ പ്രസിഡ്റായ സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ശനിയാഴ്ച വൈകിട്ട് , ഫൊക്കാന സമ്മേളനത്തിന്റെ സമാപന വേദിയിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ്.

തിരഞ്ഞെടുപ്പിനായി പല പേരുകളിലായി പല പാനലുകളായി മൽസരിച്ചെങ്കിലും ഇനി ഫൊക്കാന എന്ന വലിയ കുടക്കീഴിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പുതിയ പ്രസിഡൻ്റ് ആഹ്വാനം ചെയ്തു. താൻ നേതൃത്വം നൽകിയ ഡ്രീം ടീമുനെ തിരഞ്ഞെടുത്തവർക്കും ലെഗസി ടീമിനും ലീല മരേട്ടിനും വോട്ട് ചെയ്തവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫൊക്കാനയ്ക്കുള്ളിൽ നിങ്ങൾ ഞങ്ങൾ എന്നിങ്ങനെയില്ല, നമ്മളേ ഉള്ളു. വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നമ്മൾ ഒരുമിച്ച് നടപ്പാക്കും. മുൻ പ്രസിഡൻ്റ് ബാബു സ്റ്റീഫൻ ഫൊക്കാനയുടെ പുതിയ ഒരു ഉയർന്ന തലത്തിലേക്ക് ഉയർത്തിയെന്നും അദ്ദേഹത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു എന്നും സജിമോൻ ആൻ്റണി പറഞ്ഞു.

വാഷിംഗ്ടണ്‍ ഡിസിയിലെ ഫൊക്കാന കണ്‍വെന്‍ഷന്റെ സമാപന ദിനത്തിലാണ് ഫൊക്കാനയോട് ഗുഡ് ബൈ പറയുന്നതായി നിലവിലെ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തില്‍ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി ഫൊക്കാനയുടെ ഭാഗമായി തുടരുന്നതില്‍ താല്പര്യമില്ല. അതിനാല്‍ ഫൊക്കാനയിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെക്കുകയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ട്രസ്റ്റി ബോര്‍ഡില്‍ നിന്നും രാജിവെക്കും. പുതിയ ഭരണസമിതിക്ക് എല്ലാ ആശംസങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലോകമലയാളികൾക്ക് അഭിമാനമായ ഡോ. എം.വി.പിള്ളയ്ക്ക് സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എംപിയാണ് അവാർഡ് സമ്മാനിച്ചത്. ആറുപതിറ്റാണ്ട് നീണ്ട ആതുര രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡോ.എം.വി.പിള്ളയ്ക്ക് പുരസ്കാരം നല്‍കിയത്. അമേരിക്കയിലെ ജഫര്‍സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ളിനിക്കല്‍ പ്രൊഫസറാണ് നിലവില്‍ ഡോ. എം.വി പിള്ള.

ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള പുരസ്കാരങ്ങളില്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക് മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ സമ്മാനിച്ചു.

ഫൊക്കാന മാധ്യമ പുരസ്കാരം കേരള എക്പ്രസ് എക്സിക്യൂട്ടിവ് എഡിറ്റർ ജോസ് കണിയാലിക്ക് നികേഷ് കുമാർ സമ്മാനിച്ചു. ദൃശ്യ മാധ്യമ പുരസ്കാരം കൈരളി ടിവി യുഎസ്എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന് മോൺസ് ജോസഫ് എംഎൽഎ സമ്മാനിച്ചു.

മിസ് ഫൊക്കാനയായി തിരഞ്ഞെടുക്കപ്പെട്ട വൈഷ്ണവി നായരെ ഫൊക്കാന മുൻ സെക്രട്ടറി ഡോ കലാ ഷഹി കിരീടം അണിയിച്ചു. മുകേഷ് എംഎൽഎ, നടൻ അനീഷ് രവി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സമാപന സമ്മേളനത്തിൽ കൺവെൻഷൻ കോഡിനേറ്റർ ജോൺസൺ തങ്കച്ചൻ, ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഫീലിപ്പോസ് ഫിലിപ്, ബിജു ജോൺ കൊട്ടാരക്കര എന്നിവരും പ്രസംഗിച്ചു.

FOKANA Convention concluded