
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: ജൂലൈ 19ന് വാഷിംഗ്‌ടൺ ഡി സിയിൽ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചതാണിത്. അംഗത്വം പുതുക്കുന്നതിനുള്ള അംഗസംഘടനകളുടെ അപേക്ഷകളകളും ഡെലിഗേറ്റ് ലിസ്റ്റും മെയ് 18ന് മുമ്പായി അയക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ് എന്നിവര്‍ അറിയിച്ചു. ഫൊക്കാന ഭരണസമിതിയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക (nomination) സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 3 ആണ്. ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക (nomination) സമർപ്പണം.

ജൂൺ 3 , 2024 ശേഷം ലഭിക്കുന്ന പത്രികകൾ സ്വീകരിക്കുന്നതല്ലെന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി. ജൂൺ 3, 2024ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുള്ള പത്രികള്‍ സ്വീകരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ടപ്പെടുകയോ, കാലതാമസം ഉണ്ടാവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് സമിതി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് സമിതി ചെയർമാന് അയക്കേണ്ടതെന്ന് തെഞ്ഞെടുപ്പ് സമിതി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഇമെയിൽ വിലാസം fokanaelection24@gmail.com എന്നതാണ്.
2022വരെ അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 2ന് തന്നെ അയച്ചു കൊടുത്തിട്ടുണ്ട്. ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം fokanaelection24@gmail.com എന്ന ഇമെയിൽ അറിയിക്കേണ്ടതാണ്.
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20 ആണ്. സ്ഥാനാർഥികളുടെ ആദ്യത്തെ പട്ടിക 2024 ജൂൺ 27നും അവസാന പട്ടിക 2024 ജൂലൈ 2നും പ്രസിദ്ധീകരിക്കും.
ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദ്ദേശപത്രിക നല്‍കാന്‍ സാധിക്കുകയുള്ളു. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നവര്‍ ഫൊക്കാന അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) ആയിരിക്കണം. നാമനിർദ്ദേശ പത്രികക്കൊപ്പം അതിന്റെ ഫീസ് കൂടി അയക്കേണ്ടതാണ്.
അതത് സംഘടനകളുടെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദ്ദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദ്ദേശപത്രികയില്‍ ഉണ്ടായിരിക്കണം.
റീജിയണൽ വൈസ് പ്രസിഡണ്ട് (ആർ,വി.പി) സ്ഥാനാർത്ഥികൾ അതത് റീജിയനുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്റുമാരെ തെരെഞ്ഞെടുക്കുന്നത് അതത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള വോട്ടെടുപ്പിലും പങ്കെടുക്കാൻ സാധിക്കുകയുള്ളു. അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തില്‍ വോട്ടവകാശം രേഖപ്പെടുത്താൻ നേരിട്ട് എത്തണം. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ ഹാജരാക്കുകയും. അത് പരിശോധക്ക് വിധേയമാക്കുകയും വേണം.
ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ സമിതിയിലേക്കോ, ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ സമിതിയിലോ, ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യരല്ല എന്നും ഫൊക്കാന തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറയുന്നു.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നവര്‍ ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യരല്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകൾ തള്ളുമെന്നും തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.
Fokana election notification