ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടിന് ഉറച്ച പിന്തുണയുമായി ന്യൂയോര്‍ക്ക് റീജൻ

ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് ശക്തമായ പിന്തുണയുമായി ന്യൂയോര്‍ക്ക് റീജനിലെ സംഘടനാ പ്രതിനിധികള്‍. ജൂണ്‍ 27-ന് ന്യൂയോര്‍ക്കിലെ കേരളാ കിച്ചണില്‍ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത വിവിധ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒന്നടങ്കം ലീലാ മാരേട്ടിന് പിന്തുണ പ്രഖ്യാപിച്ചു.

ഫൊക്കാനയില്‍ അനേക വര്‍ഷം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ച് സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ ലീലാ മാരേട്ട് എന്തുകൊണ്ടും സംഘടനയെ നയിക്കുന്നതിന് പ്രാപ്തയാണെന്ന് യോഗത്തില്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടു. ലീലാ മാരേട്ടിന്റെ ഇതര സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുള്ള പ്രവര്‍ത്തന പരിചയവും നേതൃപാടവവും ഫൊക്കാനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്ന് യോഗം വിലയിരുത്തി.

സംഘടനയെ അറിയുന്നവര്‍ക്ക് മാത്രമേ സംഘടനയെ വളര്‍ത്താനും പുലര്‍ത്താനും കഴിയൂ. സംഘടനയുടെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലീലയ്ക്ക് ലഭിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫൊക്കാനയുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ ഡി.സി 37 റെക്കോര്‍ഡിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഇരുപത് വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ലീലാ മാരേട്ട് അമേരിക്കന്‍ മുഖ്യധാരാ പ്രവര്‍ത്തന രംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായ ലീലയെ സംസ്ഥാനതല ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്ഥിരമായി നിര്‍ബന്ധിക്കുന്നത് യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡ് എം. സിയായി പ്രവര്‍ത്തിച്ചു. കേരളാ സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലേക്ക് ഐലന്റ് പ്രസിഡന്റ് മാത്യു തോമസ്, ലിംക പ്രസിഡന്റ് ബോബന്‍ തോട്ടം, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിനുവേണ്ടി ആല്‍ബര്‍ട്ട് തോമസ്, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിനുവേണ്ടി സിബി ഡേവിഡ് എന്നിവര്‍ ആശംകള്‍ അര്‍പ്പിച്ച് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide