ഫൊക്കാന സാഹിത്യ അവാര്‍ഡ് മുരുകന്‍ കാട്ടാക്കടയ്ക്ക്; ഫൊക്കാന കണ്‍വെന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും

ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള പുരസ്കാരങ്ങളില്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് കവി മുരുകന്‍ കാട്ടാക്കടക്ക് പുരസ്കാരം നല്‍കുന്നത്. ജൂലായ് 18 മുതല്‍ 20വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു. 

കവിതകളിലൂടെ മലയാളികളെ എന്നും ആകര്‍ഷിച്ച സാഹിത്യകാരനാണ് മുരുകന്‍ കാട്ടാക്കട. കണ്ണട, ബാഗ്ദാദ്, ഒരു കര്‍ഷകന്റെ ആത്മഹത്യാകുറിപ്പ്, രേണുക തുടങ്ങി മലയാളികളുടെ ഹൃദയത്തില്‍ തറച്ച ഒരുപാട് കവിതകള്‍ മുരുകന്‍ കാട്ടാക്കാടയുടേതായുണ്ട്. ഒട്ടനവധി സിനിമ ഗാനങ്ങള്‍ക്കും അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്.

നിരവധി സിനിമ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാനത്തെ മാരികുറുമ്പേ എന്ന പുലിമുരുകനിലെ ഗാനം എഴുതിയത് മുരുകന്‍ കാട്ടാക്കടയാണ്. ഇരുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ഒപ്പം നാടക ഗാനങ്ങള്‍ക്കും വരികള്‍ എഴുതി.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മലയാളം മിഷന്റെ ചെയര്‍മാനാണ് നിലവില്‍ മുരുകന്‍ കാട്ടാക്കട. കാട്ടാക്കട സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലം തിരുവനന്തപുരം എസ്.എം.വി.ഹയര്‍സെക്കന്ററി സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്കൂള്‍ പിന്‍സിപ്പലായും ഏറെ നാള്‍ പ്രവര്‍ത്തിച്ചു. കവിതകള്‍ എഴുതുക മാത്രമല്ല, അത് മനോഹരമായി ചൊല്ലിയാണ് മുരുകന്‍ കാട്ടാക്കട ശ്രദ്ധ നേടിയത്.

മുല്ലനേഴി പുരസ്​കാരം, കുവൈറ്റ് കലാ പുരസ്കാരം, വയലാർ സാംസ്കാരികവേദി പുരസ്കാരം,ഇ വി കൃഷ്ണപിള്ള പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് അവാർഡ്,സൂര്യ ടി വി അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്കാരം , ജെ സി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

കവിതയുടെ ജനകീയ പ്രചാരണത്തിന് നൽകിയ സംഭാവനയെ മാനിച്ച് യു എ ഇ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യ ഗോൾഡൻ വിസ ആണ് ഇത്.

FOKANA literature award to poet Murugan Kattakada

More Stories from this section

family-dental
witywide