ഫൊക്കാന ആരുടെയും കുടുംബ സ്വത്തല്ലെന്ന് നാഷണല്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്‍;  സംഘടനയുടെ തലപ്പത്ത് സ്ഥിരപ്രതിഷ്‌ഠ അനുവദിക്കരുത്

എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ടീം 

ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ ജൂലായ് 18 മുതല്‍ 20 വരെ തിയതികളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുകയാണ്. നാഷണല്‍ കണ്‍വെന്‍ഷന് മുന്നോടിയായി നടന്ന മിഡ് വെസ്റ്റ് റീജിയണ്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഫൊക്കാന നേരിടുന്ന വെല്ലുവിളിയെ കുറിച്ച് നാഷണല്‍ പ്രസിഡന്റ് കൂടിയായ ബാബു സ്റ്റീഫന്‍ ശക്തമായ പ്രതികരണം നടത്തിയത്.

ഒരിക്കല്‍ ഭാരവാഹിയായാല്‍ പിന്നീടൊരിക്കലും ആ സ്ഥാനത്തുനിന്ന് മാറാതെ കസേര മോഹങ്ങള്‍ക്കായി പിടിവലി കൂട്ടുന്നവരാണ് സംഘടനയെ നശിപ്പിക്കുന്നത്. അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ ഫൊക്കാനയെ സ്നേഹിക്കുന്ന ഓരോ അംഗങ്ങളും തീരുമാനിക്കണമെന്ന് ബാബു സ്റ്റീഫന്‍ ആവശ്യപ്പെട്ടു. പുതിയ തലമുറക്ക് വേണ്ടി വഴി മാറിക്കൊടുക്കാന്‍ എല്ലാവരും തയ്യാറാകണം. എങ്കില്‍ മാത്രമെ സംഘടന കൂടുതല്‍ ശക്തമായി മുന്നോട്ടുപോവുകയുള്ളു. ഒപ്പം മാറ്റങ്ങളും പുതിയ തീരുമാനങ്ങളും ഉണ്ടാവുകയുള്ളു. പരമാവധി നാല് വര്‍ഷത്തിനപ്പുറം ഫൊക്കാനയുടെ തലപ്പത്ത് ഒരേ വ്യക്തികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അത്തരം ധീരമായ തീരുമാനങ്ങളാണ് സംഘടന ഭാവിയില്‍ എടുക്കേണ്ടത് എന്നും ബാബു സ്റ്റീഫന്‍ വ്യക്തമാക്കി.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശവും മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശവുമൊക്കെയാണ് ഫൊക്കാന എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകത്താകെയുള്ള ഏതൊരു പ്രവാസി സംഘടനയെക്കാളും മികച്ച പ്രവര്‍ത്തനമാണ് ഫൊക്കാന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. പ്രവാസി മലയാളികള്‍ക്ക് ദോഷമാകുന്ന എന്തെങ്കിലും തീരുമാനം ഉണ്ടാകുമ്പോള്‍ ശക്തമായ ഇടപെടലും സംഘടന നടത്തിയിട്ടുണ്ട്. അതിന് ഉദാഹരണമായിരുന്നു അടച്ചിട്ട വീടുകള്‍ക്ക് നികുതി ചുമത്താനുള്ള കേരളാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എടുത്ത നിലപാട്. അടച്ചിട്ട വീടുകള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് എന്ന നിലയില്‍ മുഖ്യമന്ത്രിയോടും ധനകാര്യ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ തീരുമാനം പിന്‍വലിച്ചതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ഈ വര്‍ഷം അതേ തീരുമാനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കവും ഫൊക്കാന ഇടപെട്ട് തടഞ്ഞു. അതാണ് ഫൊക്കാനയുടെ ശക്തി. ഏറ്റവും മികച്ച സംഘടന എന്നാണ് ഫൊക്കാനയെ കുറിച്ച് കേരളാ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഒ.സി.എ കാര്‍ഡുകള്‍ക്കായി പ്രത്യേക കൗണ്ടര്‍ എന്നത് ഫൊക്കാനയുടെ ആവശ്യമായിരുന്നു. കൊച്ചിയില്‍ അത് യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരത്തും ഉടന്‍ നടപ്പാകുമെന്നാണ് പ്രതീക്ഷ. ന്യൂയോര്‍ക്കില്‍ നിന്ന് നേരിട്ട് കൊച്ചിയിലേക്ക് വിമാനം എന്ന ഫൊക്കാനയുടെ ആവശ്യവും സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരുപക്ഷെ, നിലവിലെ ഭരണസമിതിയുടെ കാലാവധിക്ക് മുമ്പ് തന്നെ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു.

കേരളത്തിലെ പാവപ്പെട്ടവരെയും ശാരീരിക വൈകല്യം നേരിടുന്നവരെയും സഹായിക്കാന്‍ ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും അടുത്തകാലത്ത് 10 വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയ നടപടി. ഇതോടൊപ്പം പഠന സഹായം ഉള്‍പ്പടെ നിരവധി ഇടപെടലുകള്‍ ഫൊക്കാന നടത്തി. അങ്ങനെ കേരളത്തിന് പലപ്പോഴും താങ്ങും തണലുമായി നില്‍ക്കുകയും പ്രവാസി മലയാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന സംഘടനയാണ് ഫൊക്കാന. കേരളത്തില്‍ ഫൊക്കാന വില്ലേജ് നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു. 200 ഏക്കര്‍ ഭൂമി നല്‍കാമെന്ന് സര്‍ക്കാരും പറഞ്ഞു. പക്ഷെ, അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി പുതിയ ഭരണസമിതിയുടെ ലക്ഷ്യമായിരിക്കുമെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഫൊക്കാന സമ്മേളനത്തിനായി രജിസ്ട്രര്‍ ചെയ്തവരുടെ എണ്ണം 410 കടന്നെന്ന് ബാബു സ്റ്റീഫന്‍ അറിയിച്ചു. ശശി തരൂരും ഒരുപക്ഷെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യമാകും സമ്മേളനത്തിന് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഫൊക്കാനയുടെ ജൂലായ് കണ്‍വെന്‍ഷനെ വലിയ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നതെന്നും കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നുവെന്നും ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് പറഞ്ഞു. ഒപ്പം ഫൊക്കാനയുടെ പുതിയ ഭരണസമിതിയിലേക്ക് മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍ അറിയിക്കുന്നുവെന്നും ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് പറഞ്ഞു.

സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയില്‍, ഫൊക്കാന സെക്രട്ടറി കലാഷാഹി, ഫൊക്കാന മുന്‍ എക്സി. വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് ജോര്‍ജ്, ഫൊക്കാന അസോ. ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, യൂത്ത് പ്രതിനിധി വരുണ്‍ എസ് നായര്‍, സിറിയക് കൂവക്കാട്ടില്‍, ബിജി എടാട്ട്, ജയിന്‍ മാക്കില്‍, പ്രവീൺ തോമസ്, സുനൈന മോന്‍സി, സതീശൻ നായർ,  ജെസ്സി റിൻസി, സൂസൻ ചാക്കോ എന്നിവർ സംസാരിച്ചു. സന്തോഷ് നായര്‍ സ്വാഗതം പറഞ്ഞു. ടോമി അമ്പേനാട്ട് എം.സിയായിരുന്നു.

 

ലെജി പട്ടരുമഠം,വിജി എസ് നായര്‍,  ലീലാ ജോസഫ്, ജെസ്സി റിന്‍സി, വരുണ്‍ നായര്‍, സൂസന്‍ ചാക്കോ, ഷിബു മുളയാനിക്കുന്നേല്‍, ജോഷി പുത്തൂരാന്‍, ബൈജു കണ്ടത്തില്‍ എന്നിവരും വിവിധ സംഘടനാ നേതാക്കളും  ചടങ്ങിന് നേതൃത്വം നൽകി. സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, റോയി നെ‍ടുംചിറ എന്നിവരും പങ്കെടുത്തു. 

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട്, സജിമോന്‍ ആന്റണി, ‍ഡോ.കലാ ഷാഹി എന്നിവരെയും മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ” മീറ്റ് ദി കാന്‍ഡിഡേറ്റ്” പരിപാടിയും സംഘടിപ്പിച്ചു.

FOKANA MIDWEST Region Kickoff in Chicago