മീറ്റ് ദി കാൻഡിഡേറ്റ് വേദിയായി ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയന്‍ കിക്കോഫ്; പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത് ശക്തമായ ത്രികോണ മത്സരം

എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ടീം 

ചിക്കാഗോ: സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഫൊക്കാന ഭരണസമിതിയിലേക്ക് നടക്കാന്‍ പോകുന്നത്. ഇത്തവണ മൂന്നുപേരാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ലീലാ മാരേട്ട്, സജിമോന്‍ ആന്റണി, കലാ ഷാഹി എന്നിവരാണ് മത്സരിക്കുന്നത്. സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഡ്രീം ടീം പാനലും, കലാ ഷാഹിയുടെ നേതൃത്വത്തിലുള്ള ടീം ലെഗസി പാനലും തമ്മിലാണ് ഫൊക്കാനയുടെ ഭരണം പിടിക്കാനുള്ള ഏറ്റുമുട്ടല്‍. ഒരു പാനലിന്റെയും ഭാഗമാകാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിക്കുകയാണ് ലീല മാരേട്ട്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത പോരാട്ടമാണ്. രണ്ട് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ലീലാ മാരേട്ട് മൂന്നാം തവണയാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. സജിമോന്‍ ആന്റണി മുന്‍ സെക്രട്ടറി എന്ന നിലയിലും കലാ ഷാഹി നിലവിലെ ഫൊക്കാന സെക്രട്ടറി എന്ന നിലയിലും മികവ് തെളിയിച്ച വ്യക്തികളുമാണ്.

ചിക്കാഗോയില്‍ ഫൊക്കാന കണ്‍വെന്‍ഷന്റെ  മുന്നോടിയായുള്ള മിഡ് വെസ്റ്റ് റീജിയന്‍ കിക്കോഫില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും എത്തി. എന്തുകൊണ്ട്  ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്നു എന്നതില്‍ മൂന്നുപേരും അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി. ഒപ്പം ചടങ്ങില്‍ പങ്കെടുത്ത ചിക്കാഗോയില്‍ നിന്നുള്ള പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ട് പറഞ്ഞത്

ഫൊക്കാനക്ക് വേണ്ടി രണ്ട് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും ഇത്തവണത്തെ തന്റെ മത്സരം ഒറ്റയാള്‍ പോരാട്ടമാണെന്നും ലീലാ മാരേട്ട് വ്യക്തമാക്കി. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വഴി ഫൊക്കാന ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയതിനെ നിയമപരമായി ചോദ്യം ചെയ്യാനുണ്ടായ സാഹചര്യവും അവര്‍ വിശദീകരിച്ചു. ചിലരുടെ സമ്മര്‍ദ്ദഫലമായിട്ടായിരുന്നു അത്തരം തീരുമാനത്തിലേക്ക് പോയത്. പിന്നീട് ആ കേസില്‍ നിന്ന് താന്‍ പിന്മാറിയതായും ലീല മാരേട്ട് പറഞ്ഞു. ഫൊക്കാനക്ക് വേണ്ടി ഒരുപാട് കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തി എന്ന നിലയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പരിചയ സമ്പത്ത് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഫൊക്കാന, ഫോമ തുടങ്ങി വിവിധ സംഘടനകളായി പിരിഞ്ഞുനില്‍ക്കുന്ന എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക പ്രായോഗികമല്ലെന്ന നിലപാടും ലീല മരേട്ട് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സജിമോന്‍ ആന്റണി പറഞ്ഞത്

യുവതലമുറയെ മറന്നാണ് ഫൊക്കാന മുന്നോട്ടുപോകുന്നത്. അതിനുള്ള ബദലായിരിക്കും തന്റെ നേതൃത്വത്തിലുള്ള ഡ്രീം ടീം പാലനെന്നായിരുന്നു സജിമോന്‍ ആന്റണിയുടെ നിലപാട്. കേരളത്തില്‍ ഫൊക്കാന വില്ലേജ് ഡ്രീം ടീം യാഥാര്‍ത്ഥ്യമാക്കും. അതിനുള്ള സ്ഥലം ഇതിനകം തന്നെ തയ്യാറായിക്കഴിഞ്ഞു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഓര്‍മ്മക്കായാണ് ഫൊക്കാന വില്ലേജിനുള്ള ഭൂമി നല്‍കിയത്. ഫൊക്കാനക്കെതിരെ ചിലര്‍ കേസ് കൊടുത്തത് ഏറ്റവും മോശം നടപടിയായിപ്പോയെന്നും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് അതിന്റെ ദോഷഫലങ്ങളെ കുറിച്ച് ബോധ്യമില്ലാത്തത് കൊണ്ടാണെന്നും സജിമോന്‍ ആന്റണി വിമര്‍ശിച്ചു. യുവാക്കള്‍ കടന്നുവരണമെന്ന് എല്ലാവരും പറയും, കയ്യടിക്കും, മൈക്ക് കൊടുക്കും പക്ഷെ, മുന്നില്‍ നിര്‍ത്തില്ല. ഇതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യം മാറിയേ മതിയാകു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തത് ഒരുപാട് പേരുടെ ആവശ്യം പരിഗണിച്ചാണ്. ഞാന്‍ മിടുക്കനാണെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അതില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ അല്പം കൂടി കാത്തിരിക്കൂ എന്ന് പറയുന്നവര്‍ ഒരുപാടുണ്ട്. 2030 വരെ കാത്തിരിക്കാനാണ് ചിലര്‍ പറയുന്നത്. 60 വയസ്സില്‍ ഫൊക്കാനയുടെ പ്രസിഡന്റ് ആകുന്നതില്‍ തനിക്ക് താല്പര്യമിന്നെല്ല് സജിമോന്‍ ആന്റണി പറഞ്ഞു. യുവാക്കളുടെ വലിയ സാന്നിധ്യമുള്ള ഡ്രീം ടീം പാനലിന്റെ പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും പിന്തുണക്കണമെന്നും സജീമോന്‍ ആന്റണി ആവശ്യപ്പെട്ടു. 45 പേരാണ് തന്റെ പാനലില്‍ മത്സരിക്കുന്നത്.

ഡ്രീം പാനലിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രവീണ്‍ തോമസ്, ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്തോഷ് നായര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി മത്സരിക്കുന്ന സതീശന്‍ നായര്‍ എന്നിവരും ഡിബേറ്റിൽ പങ്കെടുത്തു.

 

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കലാഷാഹി പറഞ്ഞത്

ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഫൊക്കാന നിലവില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുര്‍ച്ചക്ക് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്ന് കലാഷാഹി ആവശ്യപ്പെട്ടു. 1992 മുതല്‍ ഫൊക്കാനക്ക് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഫൊക്കാനയുടെ ഭാരവാഹിയാണ്. ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന് നേതൃത്വം നല്‍കിയ കാലത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ഗോപിനാഥ് മുതുകാടുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി. ഇതടക്കം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവില്‍ നേതൃത്വം നല്‍കി. ഉപജീവനത്തിനുള്ള ജോലിയും ഒപ്പം കുടുംബത്തിന്റേതായ തിരക്കുകളും ഉണ്ടെങ്കിലും അതിനിടയില്‍ ഫൊക്കാനക്ക് വേണ്ടി പ്രത്യേകം സമയം കണ്ടെത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

ഇരുപത് വര്‍ഷത്തോളമായി ഫൊക്കാനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ എല്ലാ ഭാഗത്തും ഉള്ള പരിചയ സമ്പന്നതയും സംഘടനാപാടവവുള്ള വ്യക്തികളെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്നിക്കും. പുതിയ തലമുറയെ സംഘടനയുടെ ഭരണതലത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും അതിനായി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കലാ ഷാഹി പറഞ്ഞു. സ്ത്രീശാക്തീകരണം, യുവനിരക്ക് വേണ്ടി പ്രത്യേക കണ്‍വെന്‍ഷന്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ തന്റെ ലക്ഷ്യമാണെന്നും കലാഷാഹി വ്യക്തമാക്കി.

ടീം ലെഗസി പാനലിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോർജ് പണിക്കർ , യുവജന പ്രിതിനിധിയായി മത്സരിക്കുന്ന വരുൺ നായർ എന്നിവരും സന്നിഹതരായിരുന്നു.

മൂന്ന് സ്ഥാനാര്‍ത്ഥികളും ശക്തമായ ഭാഷയിലാണ് തങ്ങളുടെ അവകാശ വാദങ്ങള്‍ ചിക്കാഗോയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തിയത്. ഫൊക്കാന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിന്റെ സൂചന കൂടിയായിരുന്നു മീറ്റ് ദി കാന്‍ഡിഡേറ്റ്. ചിക്കാഗോ മിഡ് വെസ്റ്റ് റീജീയന്‍ കിക്കോഫിന് ശേഷമായിരുന്നു മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചത്. 

നാഷണല്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്‍ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു, മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്, സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയില്‍, ഫൊക്കാന മുന്‍ എക്സി. വൈസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് ജോര്‍ജ്, ഫൊക്കാന അസോ. ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, യൂത്ത് പ്രതിനിധി വരുണ്‍ എസ് നായര്‍,സിറിയക് കൂവക്കാട്ടില്‍, ബിജി എടാട്ട്, പ്രവീൺ തോമസ്,   സതീശൻ നായർ,  ജെസ്സി റിൻസി., സൂസൻ ചാക്കോ എന്നിവർ സംസാരിച്ചു. സന്തോഷ്‌ നായർ സ്വാഗതം പറഞ്ഞു.  ടോമി അമ്പേനാട്ട്  എം.സി മാരായിരുന്നു. സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, റോയ് നെടുംചിറ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.


ലെജി പട്ടരുമഠം,വിജി എസ് നായര്‍,  ലീലാ ജോസഫ്, ജെസ്സി റിന്‍സി, വരുണ്‍ നായര്‍, സൂസന്‍ ചാക്കോ, ഷിബു മുളയാനിക്കുന്നേല്‍, ജോഷി പുത്തൂരാന്‍, ബൈജു കണ്ടത്തില്‍ എന്നിവരും വിവിധ സംഘടനാ നേതാക്കളും ചടങ്ങിന് നേതൃത്വം നൽകി.

FOKANA President Election meet the candidate in Chicago

More Stories from this section

family-dental
witywide