38ാം തവണ, ലാവ്ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും.

കഴിഞ്ഞ ഒക്ടോബര്‍ 31നു കോടതിയില്‍ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റി.
ഇതു 38-ാം തവണയാണു കേസ് കോടതി മുന്‍പാകെ എത്തുന്നത്. കഴിഞ്ഞ നാല് തവണയും സിബിഐയുടെ ആവശ്യപ്രകാരമാണ് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതിവിധി 2017 ഒക്ടോബറില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സി ബി ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കീഴ്‌ക്കോടതി കേസില്‍ നിന്ന് ഒഴിവാക്കാത്ത ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ വാദം അറിയിക്കാന്‍ സിബിഐ തയ്യാറാകുമോ അതോ ഹര്‍ജി മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റാന്‍ ആവശ്യപ്പെടുമോയെന്നതാണ് പ്രധാനം.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം

More Stories from this section

family-dental
witywide