
ബംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെയും മറ്റ് ചിലരെയും പ്രതിയാക്കാൻ നിർബന്ധിച്ചെന്ന് ആരോപിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കുന്ന കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും ഈ പരാതി ഒരു പിടിവള്ളിയാകുമെന്നാണ് പ്രതീക്ഷ.
സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജൂലൈ 16ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് അദ്ദേഹം ഇഡി അസിസ്റ്റന്റ് ഡയറക്ടർ മുരളി കണ്ണൻ മുമ്പാകെ മൊഴി നൽകി. നിയമവിധേയമായിട്ടാണ് കാര്യങ്ങൾ ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിൽ അവർ സമ്മതിച്ചില്ലെന്നും തന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലേഷ് പരാതിയിൽ പറയുന്നു.
തന്നെ രക്ഷപ്പെടുത്തണമെങ്കിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നാഗേന്ദ്രയുടെയും ധനവകുപ്പിലെ ഉന്നതരുടെയും പേര് പറയണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി കേസുമായി ബന്ധപ്പെട്ട് ബി. നാഗേന്ദ്ര നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തെ ബംഗളൂരുവിലെ പ്രത്യേക കോടതി തിങ്കളാഴ്ച 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.