
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇപ്പോള്‍ നൈനിറ്റാളിലേക്കും എത്തി. ഇതോടെ നൈനിറ്റാളിനെ പുക മൂടിയ അവസ്ഥയാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിയില്‍വരെ തീപടര്‍ന്നതോടെ നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടുതീയില്‍ 33.34 ഹെക്ടര്‍ വനഭൂമി നശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 31 പുതിയ കാട്ടുതീ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കായി ഒരു ഹെലികോപ്റ്ററും സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നൈനിറ്റാള്‍ തടാകത്തില്‍ ബോട്ടിങ് നിരോധിച്ചിരിക്കുകയാണ് അധികൃതര്‍. ഇതിനിടയില്‍ നൈനിറ്റാള്‍ ജില്ലയിലെ ലാരിയ കാന്ത പ്രദേശത്തെ വനത്തില്‍ മറ്റൊരു തീപിടുത്തമുണ്ടാകുകയും ഒരു ഐടിഐ കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രുദ്രപ്രയാഗില്‍ വനത്തിന് തീയിടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. കാട്ടുതീ തടയാന്‍ രൂപീകരിച്ച സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നൈനിറ്റാളിലേക്ക് നീങ്ങിയ കാട്ടുതീ വെള്ളിയാഴ്ച രൂക്ഷമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ശനിയാഴ്ച അവലോകന യോഗം ചേര്‍ന്നിട്ടുണ്ട്.
ബല്‍ദിയാഖാന്‍, ജിയോലിക്കോട്ട്, മംഗോളി, ഖുര്‍പതല്‍, ദേവിധുര, ഭാവാലി, പൈനസ്, ഭീംതാല്‍, മുക്തേശ്വര്‍ എന്നിവയുള്‍പ്പെടെ നൈനിറ്റാളിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ കാട്ടുതീയുടെ കെടുതികളിലൂടെ കടന്നുപോകുകയാണ്.














