മന്ത്രിയുടെ ഇടപെടല്‍; ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് നല്‍കിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു

ആലപ്പുഴ: മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ ജീവനൊടുക്കിയ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ കുടുംബത്തിന് നല്‍കിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു. പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു.

രണ്ട് മാസം മുന്‍പാണ് കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്തത്. നെല്ല് സംഭരിച്ചതിന്റെ വിലയായി കിട്ടിയ പിആര്‍എസ് വായ്പ സര്‍ക്കാര്‍ തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ലെന്ന് എഴുതിവെച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസാദ് ജീവനൊടുക്കിയത്.

നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ ജപ്തി നോട്ടീസ് രണ്ട് ദിവസം മുന്‍പാണ് കുടുംബത്തിന് ലഭിച്ചത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി ഇവര്‍ ലോണ്‍ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. അതേസമയം കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസയച്ചതില്‍ കോര്‍പറേഷന്‍ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടിയിരുന്നു. എസ് സി എസ്ടി വികസന കോര്‍പറേഷന്‍ നല്‍കിയ വായ്പ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.