വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചുവെന്ന കേസ്; കെഎസ്യു നേതാവ് അന്‍സില്‍ ജലീല്‍ നിരപരാധിയെന്ന് പൊലീസ്

തിരുവനന്തപുരം: ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു എന്നാരോപിച്ച് കെഎസ്യു നേതാവ് അന്‍സില്‍ ജലീലിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ കെഎസ്യു നേതാവ് അന്‍സില്‍ ജലീല്‍ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജരേഖ ചമക്കലും വഞ്ചന കുറ്റവുമടക്കം അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് അന്‍സിലിനെതിരെ കേസ് എടുത്തിരുന്നത്. ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അന്‍സില്‍ ജലീലിനെതിരെയുള്ള ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് അന്‍സില്‍ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ബികോം സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മ്മിച്ചല്ലെന്നും അന്‍സില്‍ വാദിച്ചു. ആലപ്പുഴ എസ്ഡി കോളേജില്‍ 2014-17 കാലത്ത് താന്‍ ബിഎക്കാണ് പഠിച്ചതെന്നും അന്‍സില്‍ വ്യക്തമാക്കി. ദേശാഭിമാനിയില്‍ തനിക്കെതിരായ വാര്‍ത്ത വന്നതിന് പിന്നാലെ അന്‍സില്‍ ജലീല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നല്‍കണം. വ്യാജ വാര്‍ത്തയില്‍ ദേശാഭിമാനി ഉപാധിരഹിത മാപ്പ് പറയണം എന്നും വക്കീല്‍ നോട്ടീസിലുണ്ട്.

More Stories from this section

family-dental
witywide