കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു

ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഡി.വി സദാനന്ദ ഗൗഡ രാഷ്ട്രീയം ഉപേക്ഷിച്ചു. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടാണ് മുന്‍ മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്.

രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നാണ് 71 കാരനായ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയത്. മുന്‍ കേന്ദ്രമന്ത്രികൂടിയായ സദാനന്ദ ഗൗഡ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയിലായിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നതായും എന്നാല്‍ താന്‍ ബിജെപിയില്‍ തന്നെ തുടരുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് അദ്ദേഹം നിലപാട് വെളിപ്പെടുത്തിയത്.

നിലവില്‍ ഉഡുപ്പി ചിക്കമംഗളൂരു ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയെ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഗൗഡ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് പറഞ്ഞ് പിന്നീട് പിന്മാറുകയായിരുന്നു.

More Stories from this section

family-dental
witywide