
ഡൽഹി: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ജി എൻ സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേന്ദ്ര സർക്കാർ സായിബാബയെ ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. 2014 ലിൽ ജയിലിലടക്കപ്പെട്ട സായിബാബയുടെ നിയമപോരാട്ടം രാജ്യമാകെ ശ്രദ്ധനേടിയിരുന്നു. ഒടുവിൽ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം തടവിലായിരുന്ന സായിബാബ ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ജയിൽ മോചിതനായത്.
ഇന്‍റർനെറ്റിൽനിന്ന് കമ്യൂണിസ്റ്റ്, നക്സൽ സാഹിത്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ആ തത്വചിന്തകളോട് അനുഭാവം പുലർത്തുന്നതോ യു എ പി എ പ്രകാരമുള്ള കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്. ഇതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു.
2014 മെയ് ഒമ്പതിനാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് സായിബാബയെ ഡൽഹി യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.