
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി 2021ല്‍ നടത്തിയ അഭിമുഖം പൂര്‍ണമായും നെറ്റ് വര്‍ക്ക് ഉദ്യോഗസ്ഥര്‍ സ്‌ക്രിപ്റ്റ് ചെയ്തതാണെന്ന് മുന്‍ ഇഎസ്പിഎന്‍ മാധ്യമപ്രവര്‍ത്തക സേജ് സ്റ്റീലിന്റെ വെളിപ്പെടുത്തല്‍. ഫോക്‌സ് ന്യൂസ് ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് സേജ് ഇക്കാര്യം പറഞ്ഞത്. എഴുതി തയ്യാറാക്കിയ ഘടനയില്‍ നേരത്തേ റെക്കോര്‍ഡ് ചെയ്തതാണ് അഭിമുഖമെന്നും അവര്‍ പറഞ്ഞു.
‘അത് ഒരു രസകരമായ അനുഭവമായിരുന്നു. കാരണം ആ അഭിമുഖം നേരത്തെ തയ്യാറാക്കിയതായിരുന്നു. ‘ഞങ്ങള്‍ എഴുതുന്ന എല്ലാ വാക്കുകളും നിങ്ങള്‍ പറയണം. സ്‌ക്രിപ്റ്റില്‍ നിന്ന് വ്യതിചലിക്കരുത്’ എന്ന് എന്നോട് പറഞ്ഞു.’
2021 മാര്‍ച്ചില്‍ നടന്ന അഭിമുഖത്തില്‍ സ്റ്റീല്‍ ബൈഡനോട് ചോദിച്ച പല ചോദ്യങ്ങളും കോവിഡ് പാന്‍ഡെമിക് സമയത്ത് സാധാരണ നില പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന സ്പോര്‍ട്സ് ലീഗുകളെക്കുറിച്ചും അത്ലറ്റുകള്‍ക്കും ആരാധകര്‍ക്കും ഇടയില്‍ വാക്സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള വിമുഖതയെ കുറിച്ചുമായിരുന്നു. ജോര്‍ജിയയുടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം പാസാക്കിയതിനെത്തുടര്‍ന്ന് അറ്റ്‌ലാന്റയിലെ എംഎല്‍ബിയുടെ ഓള്‍-സ്റ്റാര്‍ ഗെയിം ബഹിഷ്‌ക്കരണത്തെ ബൈഡന്‍ പിന്തുണച്ച സമയത്ത് അന്നത്തെ അഭിമുഖം വലിയ തലക്കെട്ടുകളായി.
‘ഓരോ വാക്കും ഓരോ ചോദ്യവും സ്‌ക്രിപ്റ്റ് ചെയ്തു. പല എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവുകളും ഡസന്‍ കണക്കിന് തവണ അവയിലൂടെ വീണ്ടും കടന്നുപോയി. ഞാന്‍ സ്‌ക്രിപ്റ്റില്‍ ഉറച്ചുനിന്നു. വ്യതിചലിക്കരുതെന്ന് എന്നോട് പറഞ്ഞിരുന്നു,’ സ്റ്റീല്‍ ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. ‘അത് വളരെ കടന്നുപോയി. ‘നിങ്ങള്‍ ഇത് ചോദിക്കും ഇങ്ങനെ പറയും ഫോളോ-അപ്പുകള്‍ ഇല്ല, ഫോളോ-അപ്പുകള്‍ ഇല്ല. അടുത്തത്.’ ഇങ്ങനെ നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. അവിടെ എല്ലാ മുതലാളിമാരും, ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളും, തീരുമാനമെടുക്കുന്നവരും, ഞങ്ങളുടെ കമ്പനിയുടെ പ്രസിഡന്റ്, സിഇഒ, അവരെല്ലാം അവിടെയുണ്ടായിരുന്നു,’ സ്റ്റീല്‍ പറഞ്ഞു.