
ന്യൂഡല്‍ഹി: വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഇന്ന് ബിജെപിയിൽ ചേർന്നത് വ്യോമസേന മുന്‍ മേധാവി രാകേഷ് കുമാര്‍ സിങ് ഭദൗരിയയാണ്. രാജ്യത്തെ ഒരിക്കല്‍ക്കൂടി സേവിക്കാന്‍ അവസരം നല്‍കിയ ബി ജെ പിയോട് നന്ദി പറയുന്നതായി അംഗത്വം സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
ബി ജെ പി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്.
“ഇന്ത്യൻ എയർഫോഴ്‌സിൽ 40 വർഷത്തിലേറെയായി പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി… പ്രതിരോധ സേനയെ ശക്തിപ്പെടുത്താനും നവീകരിക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും കഠിനമായ നടപടികൾ കൈക്കൊണ്ട ഈ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കഴിഞ്ഞ എട്ട് വർഷക്കാലമാണ് സേനയുടെ സുവർണകാലം. ഈ സർക്കാർ നമ്മുടെ സേനയെ മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു,” മുൻ വ്യോമസേനാ മേധാവി പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച ഭദൗരിയ 2021ലാണ് സേനയില്‍ നിന്ന് വിരമിച്ചത്. മികച്ച ഫൈറ്റർ പൈലറ്റായ ബദൗരിയ ഉത്തർപ്രദേശുകാരനാണ്. 27 തരം യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. ഗതാഗത വിമാനങ്ങളിലടക്കം 4,270 മണിക്കൂറിലധികം ഫ്ലൈയിങ് പരിചയമുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പൂർവ്വ വിദ്യാർത്ഥിയാണ്, കൂടാതെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് “സ്വോർഡ് ഓഫ് ഓണർ” ബഹുമതിയും നേടിയിട്ടുണ്ട്.. ബംഗ്ലാദേശിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1980 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) യുദ്ധവിമാന സ്ട്രീമിൽ അദ്ദേഹം ചേർന്നതാണ്.
Former IAF chief RKS Bhadauria joins BJP










